മഴക്കാലരോഗങ്ങൾക്കെതിരെയുള്ള പ്രതിരോധം

ഋതുക്കളിൽ ഏറ്റവും ആസ്വാദ്യകരമായ ഒന്നാണ് മഴക്കാലം. ശരീരത്തിനും മനസ്സിനും കുളിരേകുന്ന ചാറ്റൽ മഴ മുതൽ ഇടവിടാതെ തിമിർത്തു പെയ്യുന്ന ഇടവപ്പാതി വരെ മഴയുടെ വ്യത്യസ്‌ത ഭാവങ്ങൾ നമ്മുടെ ഗൃഹാതുര സ്മരണകളുടെ ഭാഗമാണ്. നിറഞ്ഞൊഴുകുന്ന നദികളും വെള്ളം നിറഞ്ഞു കിടക്കുന്ന അണക്കെട്ടുകളും ജലാശയങ്ങളും എല്ലാം മഴക്കാലത്തിന്റെ പകരം വെക്കാനില്ലാത്ത സംഭാവനകളാണ്.

എന്നാൽ നാമെല്ലാം ഇഷ്ടപ്പെടുന്ന മഴയോടൊപ്പം എത്തുന്ന ക്ഷണിക്കപ്പെടാത്ത അതിഥികളാണ് മഴക്കാല രോഗങ്ങൾ. വിവിധതരം വൈറൽ പനികൾ – ഡെംഗു, ചിക്കുൻ ഗുനിയ, എലിപ്പനി – മലേറിയ, കോളറ, ടൈഫോയ്‌ഡ്, തുടങ്ങിയവ പലപ്പോഴും മാരകമാവുകയും ചെയ്യുന്നു. ഈ പട്ടികയിൽ അടുത്ത കാലത്തായി എത്തിയവയാണ് നിപ, കരിമ്പനി എന്നിവ. പുറമെ ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ, അലർജികൾ, ചർമ്മരോഗങ്ങൾ എന്നിവയും മഴക്കാലത്ത് കൂടുതലായി കാണാറുണ്ട്. മഴക്കാല രോഗങ്ങളെ തടയുവാനും പ്രതിരോധിക്കുവാനും നമുക്ക് എന്തെല്ലാം മുൻകരുതലുകൾ എടുക്കാം എന്ന് നോക്കാം. കാരണം രോഗം വന്നതിനു ശേഷം ചികിൽസിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണല്ലോ രോഗം വരാതെ നോക്കുന്നത്.

മഴക്കാലത്ത് വ്യാധികൾ കൂടാനുള്ള പ്രധാന കാരണങ്ങൾ പരിസര മലിനീകരണവും ഇക്കാലത്ത് ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി കുറയുന്നതുമാണ്. പൊതുസ്ഥലങ്ങളിൽ അലക്ഷ്യമായി നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങൾ മഴവെള്ളത്തോടൊപ്പം കുടിവെള്ളവുമായി കലരുകയും തന്മൂലം രോഗാണുക്കൾ വ്യാപിക്കാൻ ഇടയാവുകയും ചെയ്യുന്നു. മാലിന്യങ്ങൾ കൂടിക്കിടക്കുന്ന സ്ഥലങ്ങൾ രോഗങ്ങൾ പരത്തുന്ന ഈച്ചകളുടെയും പ്രജനന കേന്ദ്രങ്ങളാണ്. പരിസര ശുചിത്വം ഉറപ്പു വരുത്തുകയാണ് ഇതിനുള്ള പോംവഴി. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കപ്പെട്ടാൽ ഒരളവു വരെ രോഗങ്ങളുടെ വ്യാപനം തടയാൻ കഴിയും.

മഴക്കാലത്ത് പുറത്തിറങ്ങുമ്പോൾ സുരക്ഷിതമായ പാദരക്ഷകൾ നിർബന്ധമായും ഉപയോഗിക്കുക. ചെരിപ്പിടാതെ പുറത്തിറങ്ങി നടക്കാതിരിക്കുക. നനയാതിരിക്കാൻ കുട, റെയിൻ കോട്ട് എന്നിവ ഉപയോഗിക്കുക. നനഞ്ഞ വസ്ത്രങ്ങൾ, സോക്സ്‌, എന്നിവ എത്രയും പെട്ടെന്ന് മാറ്റി ഉണങ്ങിയ വസ്ത്രങ്ങൾ ധരിക്കുക.

കുടിക്കാൻ ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

ശരീരം, വസ്ത്രം, വീട്, പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കുക.

പ്രതിരോധ ശേഷി വർധിപ്പിക്കുന്ന പോഷകാഹാരങ്ങൾ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ രോഗ പ്രതിരോധ ശേഷി കൂട്ടുന്നവയാണ്. പഴകിയതും തുറന്നു വെച്ചതുമായ ഭക്ഷണങ്ങൾ, വഴിയോര ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. കഴിയുന്നതും ഭക്ഷണം ചൂടോടെ കഴിക്കുക. ഭക്ഷണം കഴിക്കുന്നതിനു മുമ്പും മുഖം, കണ്ണ്, മൂക്ക് എന്നിവിടങ്ങളിൽ തൊടുന്നതിനു മുമ്പും കൈകൾ വൃത്തിയായി സോപ്പിട്ടു കഴുകുക.

പ്രമേഹം ഉള്ളവർ പുറത്തു പോയി വന്നാൽ ചെറുചൂടുള്ള ഉപ്പുവെള്ളത്തിൽ കാൽ കഴുകി തുടച്ചു വൃത്തിയാക്കുക.

കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള രീതിയിൽ വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക. കൊതുകിന്റെ കടി ഏൽക്കാനുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക.

പകരുന്ന രോഗ ബാധകൾ ഉള്ള വീടുകൾ, സ്ഥലങ്ങൾ എന്നിവ സന്ദർശിക്കാതിരിക്കുക. കുട്ടികൾക്കും പ്രായം ചെന്നവർക്കും രോഗപ്രതിരോധ ശേഷി കുറവായതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.

ചുമരുകൾ, ഫർണിച്ചർ എന്നിവയിൽ ഫംഗസ് വളരാതെ നോക്കുക.

പല രോഗങ്ങൾക്കും പ്രതിരോധ കുത്തിവെപ്പുകളും മരുന്നുകളും ലഭ്യമാണ്. രോഗബാധ ഏൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ ജീവിക്കുന്നവരും ജോലി ചെയ്യുന്നവരും ഇവ നിർബന്ധമായും എടുക്കേണ്ടതാണ്

രോഗലക്ഷങ്ങൾ കണ്ടാൽ സ്വയം ചികിൽസിക്കാതെ എത്രയും പെട്ടെന്ന് വിദഗ്ദ്ധ സഹായം തേടുക.

മഴക്കാലത്ത് പതിവുള്ള മറ്റൊരു അപകടം ഇടിമിന്നൽ മൂലമുള്ളതാണ്. ഇടിമിന്നൽ ഉള്ളപ്പോൾ വൈദ്യുതോപകരണങ്ങൾ, ഫോൺ, എന്നിവ ഉപയോഗിക്കാതിരിക്കുക. ഇടിമിന്നലിനു സാധ്യത കാണുമ്പോഴും ഉപയോഗിക്കാത്തപ്പോഴും വൈദ്യുതോപകരണങ്ങളുടെ കേബിൾ, വൈദ്യുതി എന്നിവ വിച്‌ഛേദിക്കുക. വീടുകളിൽ മിന്നൽ രക്ഷാ ചാലകങ്ങൾ സ്ഥാപിക്കുക.